Wednesday 26 June 2013

വിജയമന്ത്രങ്ങള്‍-2

പ്രൊഫ. എസ്‌. ശിവദാസ്‌
നമുക്കെല്ലാം രണ്ടു കാലുകള്‍ ഉണ്ട്‌. എന്നാല്‍ നല്ല രണ്ടുകാലുകള്‍ ഉണ്ട്‌ എന്ന ഓര്‍മ പോലും നമുക്കില്ല. ആ കാലുകള്‍കൊണ്ട്‌ ഒരു കൊടുമുടിയെ കീഴട ക്കാനാകും എന്നു നമുക്കറിയില്ല. അതിനാല്‍ ആനമുടിപോലും കയറാന്‍ മിനക്കെടാതെ, വിജയക്കൊടുമുടിയടെ മുകളിലെത്തുമ്പോഴുള്ള ആവേശം അനുഭവിക്കാനാകാതെ, വിജയം ശീലമാ ക്കാനാകാതെ നാം ജീവിക്കുന്നു. 
എന്നാല്‍ ഒരു കാല്‍ മാത്രം വച്ചുകൊണ്ട്‌ എവറസ്‌റ്റിലും കയറാന്‍ കഴിയുമെന്ന്‌ തെളി യിച്ചിരിക്കുകയാണ്‌ ഒരു മിടുക്കി. അല്ല; മിടുമിടുക്കി! ആ മിടുക്കിയുടെ പേരാണ്‌ അരുണിമ സിന്‍ഹ. ദേശീയ വോളിബോള്‍ താരമായിരുന്നു അരുണിമ. കേന്ദ്രവ്യവസായ സംരക്ഷണസേന (സി ഐ എസ്‌ എഫ്‌) യുടെ റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാനായി 2011 ഏപ്രില്‍ 12ന്‌ പദ്‌മാവതി എക്‌സ്‌പ്രസില്‍ ലക്‌നൗവില്‍ നിന്ന്‌ ഡല്‍ഹിയിലേക്കു യാത്ര ചെയ്യുകയായിരുന്നു അരുണിമ. ബറേലിയില്‍വച്ച്‌ മോഷ്‌ടാക്കള്‍ അരുണിമയുടെ സ്വര്‍ണമാല തട്ടിയെടുക്കാന്‍ നോക്കി. അവള്‍ ചെറുത്തപ്പോള്‍ അവര്‍ അവളെ ട്രെയിനില്‍ നിന്ന്‌ അടുത്ത ട്രാക്കിലേക്ക്‌ തട്ടിയിട്ടു. അപ്പോള്‍ ആ ട്രാക്കിലൂടെ കടന്നുപോയ മറ്റൊരു തീവണ്ടി അവളുടെ കാലിലൂടെയായിരുന്നു പോയത്‌!
കാല്‍ ചതഞ്ഞരഞ്ഞുപോയി. ആശുപത്രിയില്‍ മരുന്നുകളുടെയും ശസ്‌ത്രക്രിയകളുടെയും കുത്തിവ യ്‌പുകളുടെയും വേദനയുടെയും നിമിഷങ്ങളിലൂടെ കടന്നുപോയപ്പോള്‍ അരുണിമയുടെ സ്വപ്‌നത്തില്‍ വോളിബോള്‍ കോര്‍ട്ടായിരുന്നു. കോര്‍ട്ടില്‍ ഓടിന ടന്നു സ്‌മാഷുകള്‍ കൊണ്ടു വെടിക്കെട്ടുകള്‍ തീര്‍ത്ത്‌ കാണികളുടെ രോമാഞ്ചമായി മാറിയിരുന്ന അരുണിമ, അക്കാലം വീണ്ടുമുണ്ടാകുന്നതുതന്നെ സ്വപ്‌നം കണ്ടു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായി ഡോക്‌ടര്‍മാര്‍ അവളുടെ ഒരു കാല്‍ മുറിച്ചുകളഞ്ഞു. അതോടെ ആ സ്വപ്‌നം പൊലിഞ്ഞു.
അക്കാലത്തെന്നോ ഏതോ പത്രത്തില്‍ എവറസ്‌റ്റിന്റെ ചിത്രംകണ്ട്‌ അവള്‍ പുതിയ സ്വപ്‌നം കാണാന്‍ തുടങ്ങി. എവറസ്‌റ്റ്‌ കീഴടക്കുന്ന സ്വപ്‌നം. അന്നൊരുദിവസം അപ്രതീക്ഷിതമായി യുവരാജ്‌ സിങ്‌ അരുണിമയുടെ അരികിലെത്തി; ഒരു ലക്ഷം രൂപയുടെ ചെക്കുമായി. കാന്‍സറിനെ തോല്‌പി ച്ചെത്തിയ യുവരാജ്‌സിങ്‌ അരുണിമയ്‌ക്കു പ്രചോദ നമായി.
പിന്നീടൊരു തപസ്സായി അരുണിമയ്‌ക്ക്‌ ജീവിതം. കൃത്രിമക്കാലില്‍ എവറസ്‌റ്റ്‌ കീഴടക്കാന്‍ അതികഠിനമായി പരിശീലിച്ചു.



അസഹനീയമായ വേദന കടിച്ചമര്‍ത്തി കൃത്രിമക്കാലിനെ മെരുക്കി. ടാറ്റാസ്‌റ്റീല്‍ അഡ്വെഞ്ചര്‍ ഫെഡറേഷന്‍ സ്‌പോണ്‍ സര്‍മാരായി. സി ഐ എസ്‌ എഫില്‍ പോസ്‌റ്റിങ്‌ ലഭിച്ചപ്പോള്‍ അവധിയെടുത്ത്‌ പരിശീലിച്ചു. പിന്നെ 2012ല്‍ ലഡാക്കിലെ 6622 മീറ്റര്‍ ഉയരമുള്ള കാംഗ്രിപര്‍വതം കീഴടക്കി. അവസാനം 2013 മെയ്‌ 21 രാവിലെ എവറസ്‌റ്റിനു മുകളില്‍ അരുണിമ എത്തി! ഒരു കൃത്രിമക്കാലിന്റെ തലോടല്‍ എവറസ്‌റ്റും അനുഭവിച്ചു!
അസാധ്യമായി ഒന്നുമില്ല. അരുണിമയുടെ വിജയ കഥ അതാണു നമ്മെ പഠിപ്പിക്കുന്നത്‌്‌. ഒറ്റക്കാല്‍ കൊണ്ട്‌ ഞാനിത്ര നേടി. രണ്ടു കാലുള്ളവരേ, നിങ്ങള്‍ എന്താണു നേടാന്‍ പോകുന്നത്‌? അരുണിമ ആ ചോദ്യമാണ്‌ നിങ്ങളുടെ മുന്നിലുയര്‍ത്തുന്നത്‌. 

No comments:

Post a Comment

Game