Monday 3 June 2013

കൃഷിപാഠം -2

അനിത സി. എസ്‌. 
വീട്ടില്‍ നട്ടുവളര്‍ത്തുന്നവ കൂടാതെ മനോഹരമായ പൂച്ചെടികളും  പഴച്ചെടികളും വാങ്ങിവീട്ടില്‍ കൊണ്ടുവരുന്നത്  കൂട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? പ്ലാന്റ് നഴ്‌സറികളില്‍ നിന്നാണ് അവ വാങ്ങുന്നത്. നഴ്‌സറി എന്നാല്‍ കൊച്ചുകുട്ടികളുടെ പരിപാലനകേന്ദ്രം. അപ്പോള്‍ പ്ലാന്റ് നഴ്‌സറി എന്നാല്‍ ചെറിയ ചെടികളുടെ പരിപാലനകേന്ദ്രം എന്നര്‍ത്ഥം. ചെടികള്‍ ഉത്പാദിപ്പിക്കുകയും വിപണനം ചെയ്യുകയും വിവിധ രീതികളിലൂടെ തൈകള്‍ ഉത്പാദിപ്പിക്കുന്നതിനുവേണ്ടി മാതൃസസ്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന കേന്ദ്രങ്ങളാണ് നഴ്‌സറികള്‍. ഇൗ സ്‌കൂള്‍വര്‍ഷത്തില്‍ നിങ്ങളുടെ ഒരു പഠനയാത്രാകേന്ദ്രം ഒരു പ്ലാന്റ് നഴ്‌സറി ആയിക്കൊള്ളട്ടെ. പൊതു-സ്വകാര്യമേഖലകളില്‍ എല്ലാ ജില്ലകളിലും മികച്ച പ്ലാന്റ് നഴ്‌സറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

നിങ്ങള്‍ക്ക് ചെയ്യാന്‍

1. നഴ്‌സറികളില്‍ പ്രദര്‍ശനത്തിനു വച്ചിരിക്കുന്ന വിവിധതരം പൂച്ചെടികളെയും പഴച്ചെടികളെയും മനസ്സിലാക്കുക. പേരു കുറിച്ചെടുക്കുക. തിരിച്ചു സ്‌കൂളിലെത്തി ഇവയെ പ്രത്യേക ഗ്രൂപ്പുകളിലാക്കുക.
ഉദാ: ഉദ്യാനച്ചെടികളെ ഹ്രസ്വകാലപുഷ്പങ്ങള്‍ (കാശിത്തുമ്പ, മാരിഗോള്‍ഡ്), ദീര്‍ഘകാലപുഷ്പങ്ങള്‍ (അലമാന്‍ഡ, തെറ്റി), വള്ളിച്ചെടികള്‍ (പെട്രിയ, മോണിംഗ് ഗ്ലോറി), പനച്ചെടികള്‍, കള്ളിമുള്ളുവര്‍ഗം,  പുല്‍വര്‍ഗം, ജലപുഷ്പങ്ങള്‍ എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത ഗ്രൂപ്പുകളായി തിരിക്കാം. ഇതില്‍ത്തന്നെ പ്രജനനരീതി, നിറം, കുടുംബം തുടങ്ങി വിവിധരീതികളില്‍ വര്‍ഗീകരണം നടത്താം.
2. നഴ്‌സറികളിലെ വിവിധ സ്ഥലങ്ങള്‍ പരിചയപ്പെടാം. സ്‌കെച്ചുകള്‍ രേഖപ്പെടുത്താം.
(a) ചെടികളുടെ നടീല്‍വസ്തുക്കള്‍ ഉണ്ടാക്കുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ രേഖപ്പെടുത്തുക.
ഉദാ: (1) പോട്ടിങ്ങ്‌ഷെഡ്: പോട്ടിങ്ങ് മിശ്രിതം തയാറാക്കുന്നതിനും അവ ചട്ടികളില്‍ നിറയ്ക്കുന്നതിനും റീപോട്ടിങ്ങ് ചെയ്യുന്നതിനും സൗകര്യപ്രദമായ ഒരു ഷെഡ്.
(b) ഗ്രീന്‍ഹൗസ്: ചട്ടികളില്‍ വളരുന്ന ചെടികളെ സുരക്ഷിതമായി സൂക്ഷിക്കുന്ന സ്ഥലം.
(c) പ്രോജനി ഓര്‍ച്ചാര്‍ഡ്: കായികപ്രജനനത്തിനായി മാതൃസസ്യങ്ങളെ സംരക്ഷിക്കുന്ന സ്ഥലം. പൊക്കം കൂടിയ മാവും പ്ലാവുമൊക്കെ തറനിരപ്പോടു ചേര്‍ന്നുകിടക്കുന്ന മാതൃവൃക്ഷങ്ങളായി വളര്‍ത്തുന്നതെങ്ങനെയെന്നു മനസ്സിലാക്കാം.
(d) സംഭരണമുറി: വിവിധതരം ഉപകരണങ്ങളും ഉത്പാദനോപാധികളും എന്തൊക്കെയെന്ന് മനസ്സിലാക്കാം.
(e) വിപണനമുറി: ചെടികളുടെ വിപണനരീതി, വില, ഇവിടെ സൂക്ഷിക്കുന്ന പലതരം രജിസ്റ്റര്‍
 എന്നിവ മനസ്സിലാക്കുക.
3. ചെടികളുടെ കായികപ്രജനനരീതികള്‍ മനസ്സിലാക്കുക. ഏതൊക്കെ ചെടികള്‍ക്ക് എന്തൊക്കെ രീതികളാണെന്നും അറിയാന്‍ കഴിയും.
ഉദാ: പതിവയ്ക്കല്‍, ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ്, കമ്പുമുറിച്ചുനടല്‍. ഇവയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മനസ്സിലാക്കുക.
4. വിവിധതരം നടീല്‍പാത്രങ്ങള്‍, ഉപയോഗിക്കുന്ന നടീല്‍മാധ്യമം എന്നിവ മനസ്സിലാക്കുക.
ഉദാ: ഓര്‍ക്കിഡ്, ആന്തൂറിയം, റോസ്, കള്ളിച്ചെടികള്‍. നടീല്‍രീതിയും മാധ്യമവും പരിചരണവും ഒരു പ്രോജക്ടായി എടുക്കാം.
5. ചെറുമരങ്ങളെ കലാപരമായി വെട്ടിനിര്‍ത്തുന്ന ടോപ്പിയറി രൂപങ്ങള്‍, ആര്‍ച്ചുകളില്‍ വള്ളിച്ചെടികള്‍ വളര്‍ത്തുന്ന പെര്‍ഗോളകള്‍, പുല്‍ത്തകിടികള്‍, പാറക്കൂട്ടങ്ങളും ചെടികളും ഇടകലര്‍ത്തി വളര്‍ത്തുന്ന റോക്കറി തുടങ്ങിയ ഉദ്യാനരൂപങ്ങളും നഴ്‌സറികളില്‍ നിന്നു മനസ്സിലാക്കാം.


No comments:

Post a Comment

Game